Sunday, November 8, 2009

എന്‍റെ ഭാഷ

കുനുകുനെ പിറുപിറുപ്പായി
മഴപോലൊരു കാറ്റുപോലെ
പ്രവാഹം പോലൊരു കടലുപോലെ
ഇടിനാദം പോലൊരു സ്വര്‍ഗദൂത് പോലെ
ഒരു ഭാഷ.

ചെവി വട്ടം പിടിച്ചു മനസ്സിലുരുട്ടി നോക്കി
ഭാഷാശാസ്ത്രവിചാരം ചെയ്തു
നാനാ ഭാഷാവിശാരദരോടു ചര്‍ച്ച ചെയ്തു
അറിയുന്നില്ലീ മൊഴിവഴക്കമേതെന്ന്

പഞ്ഞിത്തലപ്പുപോലുള്ള മുടിക്കെട്ട്
ചിരിയും കരച്ചിലും ചാലു കീറിയ വദനം
ആഴങ്ങള്‍ പരതുന്ന മുത്തുപോലുള്ള നയനങ്ങള്‍
ഭംഗിയാര്‍ന്ന വിലാസനിഴലുകള്‍ വെട്ടം തൂര്‍ത്തുന്ന ഉടല്‍
കാലപ്പടവുകളില്‍ നടന്ന് മിനുസമാര്‍ന്ന പാദങ്ങള്‍
ആരു നീ മുത്തശ്ശീ,
വഴിയോരത്തൊരു പ്രവാചകനാദം പോലെ
ഉമിത്തീ നീറ്റലായി നെഞ്ചകം പിളര്‍ന്നോരു നോവായി
ഉള്ളിലാ നാദം വ്യാകരണങ്ങളേതും കീഴ്മേല്‍ മറിച്ചു

അറിയുമോ അറിയുമോ ഈ മുത്തിയമ്മയെ
അറിയുമോ അറിയുമോ അഗ്നിസ്ഫുലിംഗം പോലുള്ളീ മൊഴിയെ

ഓര്‍മ്മക്കിണ്ണങ്ങള്‍ തട്ടി മറിഞ്ഞ്
മറവി മേഘങ്ങള്‍ തൂത്തുമാറ്റി

ഇതാണെന്‍റെ ഭാഷ
മാലോകര്‍ മറന്നുപോയൊരു ഭാഷ
കുഞ്ഞിനുരുളയൂട്ടുന്ന ഭാഷ
നെഞ്ചു നീറിപ്പുകയുന്ന ഭാഷ
ഫണം വിടര്‍ത്തിയാടുന്ന ഭാഷ
ഈറ്റുനോവാല്‍ പിടയുന്ന ഭാഷ
അപമാനിതയായ പെണ്ണകത്തിന്‍റെ ഭാഷ
ഉടലിനെ പൊതിഞ്ഞുപിടിക്കുന്ന ഭാഷ
പൂവ് തലതല്ലിച്ചിരിക്കുന്ന ഭാഷ
പുല്ലിന്‍റെ നനവൂറുന്ന ഭാഷ
കുഞ്ഞോളങ്ങള്‍ ഇക്കിളിയാക്കുന്ന ഭാഷ
മുങ്ങാംകുഴിയിടുന്പോള്‍ ശ്വാസം പിടിക്കുന്ന ഭാഷ
പുതുമഴലഹരിയില്‍ മദിക്കുന്ന മണ്ണിന്‍റെ ഭാഷ
ഇതാണെന്‍റെ ഭാഷ
സ്ത്രീചിത്തമോരുന്നോരു ഭാഷ

5 comments:

★ Shine said...

വളരെ നന്നായി തോന്നി... താളബോധത്തോടെ ചൊല്ലാൻ പറ്റിയ ഒരു കവിത Blog ൽ കണ്ടത്തിൽ ചെറുതല്ലാത്ത സന്തോഷം ഉണ്ട്‌..തുടർന്നും എഴുതുക..

(തുടക്കക്കാരൻ/ തുടക്കക്കാരി ആയതുകൊണ്ടു പറയുന്നു:comments ന്റെ എണ്ണം നോക്കരുത്‌.)

★ Shine said...

സൂസൻ, നിങ്ങളുടെ കവിത എനിക്ക്‌ ഒരു പുതിയ blog തുടങ്ങാൻ പ്രചോദനം നൽകി. നിങ്ങളെപ്പോലെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന എഴുത്തുകാർക്ക്‌ ഒരു പ്രോത്സാഹനം എന്ന നിലയിൽ, പുതുകവിതകൾക്ക്‌ ഒരു ഇടം.

http://malayala-kavikal.blogspot.com/

Midhin Mohan said...

മരിച്ചുകൊണ്ടിരിക്കുന്ന ഭാഷ...!..
നല്ല അവതരണം...
നല്ല കവിത...
തുടര്‍ന്നും എഴുതുക. ആശംസകള്‍............

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു!
തുടര്‍ന്നും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.

സുജ സൂസന്‍ ജോര്‍ജ് said...

കവിതകളോട് സ്നേഹത്തോടെ പ്രതികരിച്ചതിന്‍ നന്ദി.