Tuesday, December 15, 2009

25 കവിതകള്‍

പൊഴിഞ്ഞു വീണോരരയാലിലയും
പെയ്തുപോയോരരുമക്കിനാവും
പൊടിഞ്ഞുവീണോരു വര്‍ണ്ണച്ചിറകും
ഉടഞ്ഞുപോയോരു കുപ്പിവളയും
ഊര്‍ന്നുപോയോരു കുന്നിക്കുരുവും
പെറുക്കിയെടുക്കട്ടെ ഞാന്‍

(1990)

ഒന്ന്
ഹൃദയത്തിന്‍റെ ചൂടില്‍
സ്വപ്നത്തിന്‍റെ വിത്തുമായി
നിദ്രയെ സുഭഗമാക്കാന്‍
പ്രിയ സ്വപ്നങ്ങളെ വരിക

രണ്ട്
ആരാണീ വാതിലുകള്‍ തുറന്നത്
പുറത്തു നിന്നോ, അകത്തു നിന്നോ
മുറിയുടെ ഇരുട്ടിലേക്കോ
മുറ്റത്തെ വെളിച്ചത്തിലേക്കോ

മൂന്ന്
അടുത്തടുത്തു വരുന്ന പാദപതനങ്ങള്‍
ഇത് വെറും മണല്‍ച്ചിറ
തരികളൊന്നൊന്നായി ഊര്‍ന്നു പോകുന്നു
തിരഞ്ഞാലൊരു മുത്തുപോലും കിട്ടില്ലല്ലോ

നാല്
ഈ വാള്‍ത്തലപ്പില്‍ മധുരം കിനിയുന്നു
ചക്കരയുമ്മകള്‍ മുള്‍മുനകളാകുന്നു

അഞ്ച്
എവിടെ ഞാനെന്നെ തിരയേണ്ടു
ആ പകുതിയിലോ ഈ പകുതിയിലോ

ആറ്
ശവക്കുഴിയില്‍ വീണുപോയ നക്ഷത്രങ്ങള്‍
വര്‍ണങ്ങള്‍ കളവുപോയ പൂങ്കുലകള്‍
കറുത്ത നാദങ്ങളുമായി കിളിക്കൂട്ടങ്ങള്‍
പഴങ്ങളില്‍ തൂങ്ങിയാടുന്ന വാവലുകള്‍
നിലവിളികളുടെ നാറ്റം ചൂഴ്ന്നു നില്ക്കുന്ന ശവപ്പറമ്പ്

ആറ്
കൂടുകള്‍ പണിതുപണിതെന്‍
വിരലുകള്‍ തേഞ്ഞിരിക്കുന്നു
പണിയാന്‍ മറന്ന വാതായനങ്ങള്‍ തേടി
ഒരൊറ്റ കുഞ്ഞിക്കിളി പോലും
എന്‍റെ ആകാശത്തു വന്നതുമില്ല

ഏഴ്
ഭീമാകാരങ്ങളായ കുഞ്ഞനെറുമ്പുകളെ
നിങ്ങളെന്നെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്
ഈ കയത്തിന്‍റെ സുഖശീതളനീലിമയില്‍
ഞാന്‍ ശ്വാസം മുട്ടി മരിക്കുന്നു

എട്ട്
ഇന്നലെ ഞാന്‍ വരഞ്ഞ നീലവര്‍ണചിത്രങ്ങളത്രയും
ഇന്ന് ഊതവര്‍ണത്തിലായിരിക്കുന്നല്ലോ

ഒമ്പത്
രക്തം പുരണ്ട ഈ വര്‍ണത്തൂവലുകള്‍
നമുക്ക് കഴുകിയുണക്കാം
അവ ചില്ലുകൂടുകള്‍ക്കൊരലങ്കാരമാകും

പത്ത്
പെയ്തിറങ്ങാത്ത മിന്നല്‍പ്പിണരുകള്‍
ഉറഞ്ഞു തുള്ളുന്ന ഇടിനാദങ്ങള്‍
ആര്‍ത്തിരമ്പുന്ന അലയാഴി
ചെവികള്‍ പൊത്തുക വയ്യല്ലോ
കണ്ണുകള്‍ ചിമ്മാന്‍ വയ്യല്ലോ
കണ്ണീരൊപ്പാന്‍ വയ്യല്ലോ
ഞനെയ്ത അമ്പുകള്‍
എനിക്കു പണിത ശരശയ്യ.

പതിനൊന്ന്
ഈ മരത്തിന്‍റെ നിശ്ശബ്ദത
ഈ രാവിന്‍റ ഏകാന്തത
ഈ ആകാശത്തിന്‍റെ മൌനം
നിന്‍റെ മുഖത്തെ നിര്‍വികാരത
എന്നെ ഭയപ്പെടുത്തുന്നു

പന്ത്രണ്ട്
അടച്ചിട്ട ജനാലയ്ക്കപ്പുറം
നിലാവായി നിന്നൊരുനാളൊരുവന്‍
തുറന്നിട്ട വാതായനത്തില്‍
സൂര്യനായി കത്തിപ്പടരുന്നില്ലൊരുവന്‍

പതിമൂന്ന്
നീലയുടെ സംഗീതവും
നിലാവിന്‍റെ പരിമളവും
എനിക്കു ചുറ്റും;
മൂര്‍ദ്ധാവില്‍ വീണുടയുന്ന മിഴിനീരമൃതുകള്‍
ചുണ്ടില്‍ മധുരിക്കുന്ന ഉപ്പു നീരുറവകള്‍
വിരലിലൊട്ടുന്ന ചുവപ്പിന്‍റെ മാര്‍ദവം
ചില്ലു മറകളില്‍ കുത്തിത്തറയ്ക്കുന്ന പ്രകാശകിരണങ്ങള്‍.
കണ്ണുകള്‍ പൂട്ടട്ടെ ഞാന്‍.

പതിനാല്
ഇന്നുമാ കരിമ്പൂച്ച വന്നു
ശബ്ദങ്ങളെ ഉറക്കിക്കിടത്തിയവന്‍ വന്നു
ഈറന്‍ നിശ്വാസത്തില്‍ നനഞ്ഞോരീ-
യുമ്മറപ്പടിയിലിരുന്നവന്‍ പുഞ്ചിരിച്ചു
ചുവപ്പില്‍ വരഞ്ഞോരാച്ചിത്ര-
പടത്തൂണുകളുടെ മറവിലൂടവന്‍ കയറി വന്നു
പരിഹസിക്കുന്ന കണ്ണുകള്‍
എന്‍റെ നേരെ അലറി വിളിച്ചു
വിറയ്ക്കുന്ന മീശരോമങ്ങള്‍
എന്‍റെ കൈകാലുകളെ വരിഞ്ഞുമുറുക്കി
വിരല്‍ത്തുമ്പുകളിലിറ്റുന്ന ചോരത്തുള്ളികളും
പാദങ്ങളെ നനയ്ക്കുന്ന അമൃതിന്നുറവയും.

പതിനഞ്ച്
നോക്കൂ, കടല്‍ വല്ലാതെ ക്ഷോഭിച്ചിരിക്കുന്നു
നിന്‍റെ കാലടിപ്പാടുകളില്‍ എങ്ങനെയാണ്
എന്‍റെ പാദങ്ങള്‍ ചേര്‍ത്തു വയ്ക്കുക
ശവങ്ങള്‍ക്കു മീതെ നടന്നു നീങ്ങാനെനിക്കാവില്ല
നീ വരൂ, ഈ അഗാധ നീലിമയുടെ പടവുകള്‍
ഒന്നൊന്നായി നമുക്കിറങ്ങാം

പതിനാറ്
ഏത് മച്ചറയുടെ ഇരുട്ടില്‍ ഞാനൊളിക്കും
ഏത് മന്ത്രസ്വരമെനിക്കാശ്വാസമോതും
ഏത് തണുപ്പില്‍ ഞാന്‍ മുഖമമര്‍ത്തും
ഞരമ്പുകളില്‍ ത്രസിക്കുന്ന വേദന
ശ്വസിക്കാനാകാത്ത സൌരഭ്യം
വീശിയടിക്കുന്ന വേഗതയില്‍
മണല്‍ത്തരികള്‍ ഊര്‍ന്നു പോകുന്ന ഇക്കിളി

പതിനേഴ്
എന്‍റെ നക്ഷത്രങ്ങള്‍
നിന്നില്‍ പൊലിഞ്ഞു വീഴുന്നത്
ഞാന്‍ കാണുന്നു
എന്‍റെ കുങ്കുമരേണുക്കള്‍
നിന്‍റെ കണ്ണുകളില്‍
ഇടറിവീഴുന്നതും ഞാനറിയുന്നു
എന്‍റെ മഞ്ഞച്ച പകലുകളിലേക്ക്
പാറിവീണ ചാരത്തുമ്പികള്‍ക്ക്
കിനാക്കളുടെ കനലുകള്‍ നഷ്ടമായിരിക്കുന്നു
പെയ്തിറങ്ങുന്ന മഴവില്ലുകള്‍
ഇടിവാളുകളായി മിന്നുന്നു
നീലാകാശം നിറയെ
ശവംതീനി ഉറുമ്പുകള്‍

പതിനെട്ട്
ശവംനാറിപ്പൂന്തോപ്പിലൂടെ
കാക്കകള്‍ ചേക്കേറുന്ന
ഈ ഗോപുരവാതിലിലൂടെ
ഞാനെങ്ങോട്ടാണ് പോകുന്നത്

പത്തൊമ്പത്
ഞാന്‍ ചിതറി വീണത് നിന്‍റെ ആഴങ്ങളില്‍
എന്നിലൊഴുകി നിറഞ്ഞത് നിന്നിലെ സ്നേഹം
ഈ ചില്ലുജാലകങ്ങളില്‍
എന്‍റെ വിരല്‍ത്തുമ്പുകള്‍ മരവിപ്പാകുന്നു
നിന്‍റെ മിഴികളില്‍ നനഞലിയുന്ന
എന്നെ നീ മടക്കിത്തരിക

ഇരുപത്
ഇടിഞ്ഞ ചുമരുകള്‍ക്കിടയിലെ നിശ്ചലത
കടപുഴകിയ മരത്തിന്‍റെ വിമൂകത
പൊലിഞ്ഞു വീഴുന്ന താരത്തിന്‍റെ ദൈന്യത
പൊരുളുകളുടെ ശൂന്യമായ അറകള്‍
നിശ്ശബ്ദ ഗര്‍ത്തങ്ങളുടെ ആഴങ്ങള്‍
കരിമ്പാറക്കുന്നുകളുടെ നീളുന്ന നിഴലുകള്‍
എന്നെ ഗ്രസിക്കുന്ന ശൂന്യത

ഇരുപത്തൊന്ന്
കാലത്തിന്‍റെ ഇരുണ്ട താഴ്വരകളില്‍
എന്‍റെ ബോധചര്‍മങ്ങള്‍
ഒന്നൊന്നായി കൊഴിഞ്ഞു വീഴുന്നു

ഇരുപത്തിരണ്ട്
ഇരുളിന്‍റെ കയം ശബ്ദങ്ങളുടെ ഉറക്കറ
സ്പന്ദനങ്ങളുടെ സെമിത്തേരി
ശവംനാറിപ്പൂക്കളുടെ സൌരഭ്യം

ഇരുപത്തിമൂന്ന്
പെരുവഴിയില്‍ ഏതേതോ സന്ധികളില്‍ എല്ലാവരും...
നിഴലറ്റ വഴിയും ഊതനിറത്തിലുള്ള ആകാശവും
പിന്നെയും പ്രിയജനങ്ങളെ പൊറുക്കുക
ഏറ്റങ്ങളും ഇറക്കങ്ങളുമില്ലാതെ
വളവും തിരിവുമില്ലാതെ
പുല്ക്കൊടിയും താരങ്ങളുമില്ലാതെ
ജന്മത്തിന്‍റെ അഭിശപ്തതയും പേറി
ഞാന്‍, നീ സ്വാര്‍ത്ഥമോഹങ്ങള്‍
ഞാനോ നീയോ ഇനിയൊരാള്‍?
നാമെന്നൊരേകവചനം
അവസാനമില്ലാത്ത ഗര്‍ത്തം

ഇരുപത്തിനാല്
സന്ധ്യ ഇന്ന് സ്നേഹമാണ്
ആകാശത്ത് വര്‍ണകേളി
സ്നേഹത്തിന് എത്ര നിറമുണ്ട്?
സ്നേഹത്തിന്‍റെ ചില്ലകളില്‍ നിറയെ പൂക്കള്‍
സ്നേഹം മന്ത്രിക്കുന്ന വര്‍ണശലഭങ്ങള്‍
സ്നേഹവുമായി മിന്നാമിനുങ്ങുകള്‍
എന്‍റെ വാതായനവും ജനാലകളും
പ്രകാശത്താല്‍ നിറഞ്ഞിരിക്കുന്നു.

ഇരുപത്തിയഞ്ച്
ഈ രാവിന് എന്‍റെ ഇന്ദ്രിയങ്ങള്‍
ഈ രാവിന് പുതുമണ്ണിന്‍ നിറം
ഈ രാവിന് കാഞ്ഞിരപ്പൂവിന്‍ മണം
ഈ രാവിന് കടലിന്‍ ശബ്ദം
എന്താണ് നീ എന്നോട് മന്ത്രിക്കുന്നത്
ജീവിതത്തിന്‍റെ ഉണ്മയോ?
സാന്ത്വനത്തിന്‍റെ പുതപ്പുമായി നിദ്ര.

Saturday, December 5, 2009

ജീവിതം, മരണവും

ഇരുമ്പ് ഇരുമ്പിനോട് സ്വകാര്യം പറയുന്ന കാര്‍ക്കശ്യം
നിര്‍ത്താതെ നിലയ്ക്കാതെ പാളം തെറ്റാത്ത ഓട്ടം
വിറച്ച് വിറങ്ങലിച്ച് ഞാന്‍ നടന്നു കൊണ്ടേയിരുന്നു
അട്ടിയിട്ട ചരക്കുകള്‍
ആളിറങ്ങാനോ കയറാനോ ഇല്ല
താവളങ്ങളില്ല
പച്ച വെളിച്ചമോ ചുവന്ന വെളിച്ചമോ ഇല്ല
വണ്ടിയിലിരുട്ടത്ത് ഞാന്‍ തനിച്ചായിരുന്നു
വിണ്ടലം പൊള്ളിക്കുന്ന ചൂളം വിളി
ശ്വാസനാളത്തെ എരിയിക്കുന്ന നീറ്റല്‍
വിരല്‍ നഖം കരളുന്ന എലികള്‍
മുടിയില്‍ തൊട്ടുപറക്കുന്ന വാവലുകള്‍
സ്പര്‍ശിക്കുന്നത് ചുട്ടുപഴുത്ത ലോഹം
ഊര്‍ന്നുപോകുന്ന ചെറുവിരല്‍ത്തുമ്പ്
അകന്നു പോകുന്ന സാന്ത്വനം
കാതിലലസിപ്പോകുന്ന ശബ്ദം
നീന്തിക്കയറിയ കണ്ണീര്‍പ്പാടം -
പിന്നിലെവിടെയോ മരുഭൂമിയായി
ഒരു മരത്തണല്‍ നീളവും
ഒരു മരീചിക നിഴലും കണ്ണിലില്ല
കറുത്ത വണ്ടി കറുപ്പിലേക്ക് കുതിക്കുന്നു
അലറിപ്പാഞ്ഞ് കൂകിവിളിച്ച്
വണ്ടി ഓടിക്കൊണ്ടേയിരുന്നു
കറുത്ത നീരാഴി ആഴത്തിലേക്ക്
ഒരു താരകവും വിറച്ചില്ല
ഒരു കൊള്ളിമീനും കാല്‍തെറ്റിപ്പതിച്ചില്ല

സുപ്രഭാതം

നീള്‍മിഴികളില്‍ സ്വപ്നം വരയ്ക്കാനോ കണ്മഷി?
കണ്ണിലെ ഉറക്കച്ചവര്‍പ്പ് മായ്ക്കാനാണ്.
ചന്ദ്രക്കല നെറ്റിയില്‍ തിലകക്കുറിയാകാനോ സിന്ദൂരം?
നെറ്റിയില്‍ രാവു വരച്ച ചുളിവുകള്‍ മറയ്ക്കാനാണ്.
കവിള്‍ത്തടത്തില്‍ അരുണിമയാകാനോ കുറിക്കൂട്ട്?
കവിളില്‍ പുകയുന്ന തിണര്‍പ്പ് മൂടി വയ്ക്കാനാണ്.

അവസാനം

എല്ലാത്തിനും അവസാനമുണ്ട്
പുഴകള്‍ക്ക് ഒഴുക്കില്ലാതായേക്കാം
ഇലകള്‍ക്ക് മര്‍മരം നഷ്ടമായേക്കാം
ആകാശത്തിന് നീലിമ നിലച്ചു പോയേക്കാം
കാറ്റിന് ചലനമില്ലാതായേക്കാം
എല്ലാത്തിനും അവസാനമുണ്ട്
വഴികള്‍ക്ക് അറ്റമില്ലാതായേക്കാം
കടലിന്‍റെ ഉപ്പ് വറ്റിപ്പോയേക്കാം
ചിപ്പിയില്‍ മുത്തുണ്ടാകാതെയിരുന്നേക്കാം
മഞ്ഞിന് തണുപ്പില്ലാതായേക്കാം
എല്ലാത്തിനും അവസാനമുണ്ട്
എന്‍റെ ഒടുങ്ങാത്ത വേലലാതികള്‍ക്കൊഴിച്ച്

അവള്‍ കഴുകുകയാണ്

കുഞ്ഞുമകള്‍ കഴുകുകയായിരുന്നു
കഴുകിക്കൊണ്ടേയിരിക്കുകയായിരുന്നു
കല്ലുകൊണ്ടുരസിയുരസി
ചകിരി കൊണ്ട് തേച്ച് തേച്ച്...

താലോലമാട്ടിയ കൈകള്‍?
മുത്തം തന്നുറക്കിയ ചുണ്ടുകള്‍?

കണ്‍കോണില്‍ ചിതറിപ്പോയ മിന്നാമിനുങ്ങുകള്‍
തോരണമായി പിഞ്ഞിപ്പോയ വീട്
നനഞ്ഞ പൂത്തിരിയായി കെട്ട കിനാക്കള്‍
ഇരുട്ടിലേക്ക് ചാഞ്ഞിറങ്ങുന്ന നിറക്കൂട്ടുകള്‍
ശവമായി ചീഞ്ഞു നാറുന്ന വാത്സല്യം
ദുര്‍ഗന്ധം വലിച്ചു കുടിക്കുന്ന രോമകൂപങ്ങള്‍
തൊലിക്കൊരു തൊലിയായി പാട കെട്ടിയ ചെളി

വിയര്‍ത്ത് വിയര്‍ത്ത്
മൂക്ക് ചീറ്റി ചീറ്റി
ചെവി തോണ്ടി തോണ്ടി
കണ്ണിലെ കരടെടുത്തെടുത്ത്
ഉമിനീരു വിഴുങ്ങി വിഴുങ്ങി
മുറിവായകളില്‍ രക്തമൊഴുക്കിയൊഴുക്കി
കഴുകുകയായിരുന്നു കുഞ്ഞു മകള്‍
ഉരച്ച് ഉരച്ച്...



Sunday, November 8, 2009

എന്‍റെ ഭാഷ

കുനുകുനെ പിറുപിറുപ്പായി
മഴപോലൊരു കാറ്റുപോലെ
പ്രവാഹം പോലൊരു കടലുപോലെ
ഇടിനാദം പോലൊരു സ്വര്‍ഗദൂത് പോലെ
ഒരു ഭാഷ.

ചെവി വട്ടം പിടിച്ചു മനസ്സിലുരുട്ടി നോക്കി
ഭാഷാശാസ്ത്രവിചാരം ചെയ്തു
നാനാ ഭാഷാവിശാരദരോടു ചര്‍ച്ച ചെയ്തു
അറിയുന്നില്ലീ മൊഴിവഴക്കമേതെന്ന്

പഞ്ഞിത്തലപ്പുപോലുള്ള മുടിക്കെട്ട്
ചിരിയും കരച്ചിലും ചാലു കീറിയ വദനം
ആഴങ്ങള്‍ പരതുന്ന മുത്തുപോലുള്ള നയനങ്ങള്‍
ഭംഗിയാര്‍ന്ന വിലാസനിഴലുകള്‍ വെട്ടം തൂര്‍ത്തുന്ന ഉടല്‍
കാലപ്പടവുകളില്‍ നടന്ന് മിനുസമാര്‍ന്ന പാദങ്ങള്‍
ആരു നീ മുത്തശ്ശീ,
വഴിയോരത്തൊരു പ്രവാചകനാദം പോലെ
ഉമിത്തീ നീറ്റലായി നെഞ്ചകം പിളര്‍ന്നോരു നോവായി
ഉള്ളിലാ നാദം വ്യാകരണങ്ങളേതും കീഴ്മേല്‍ മറിച്ചു

അറിയുമോ അറിയുമോ ഈ മുത്തിയമ്മയെ
അറിയുമോ അറിയുമോ അഗ്നിസ്ഫുലിംഗം പോലുള്ളീ മൊഴിയെ

ഓര്‍മ്മക്കിണ്ണങ്ങള്‍ തട്ടി മറിഞ്ഞ്
മറവി മേഘങ്ങള്‍ തൂത്തുമാറ്റി

ഇതാണെന്‍റെ ഭാഷ
മാലോകര്‍ മറന്നുപോയൊരു ഭാഷ
കുഞ്ഞിനുരുളയൂട്ടുന്ന ഭാഷ
നെഞ്ചു നീറിപ്പുകയുന്ന ഭാഷ
ഫണം വിടര്‍ത്തിയാടുന്ന ഭാഷ
ഈറ്റുനോവാല്‍ പിടയുന്ന ഭാഷ
അപമാനിതയായ പെണ്ണകത്തിന്‍റെ ഭാഷ
ഉടലിനെ പൊതിഞ്ഞുപിടിക്കുന്ന ഭാഷ
പൂവ് തലതല്ലിച്ചിരിക്കുന്ന ഭാഷ
പുല്ലിന്‍റെ നനവൂറുന്ന ഭാഷ
കുഞ്ഞോളങ്ങള്‍ ഇക്കിളിയാക്കുന്ന ഭാഷ
മുങ്ങാംകുഴിയിടുന്പോള്‍ ശ്വാസം പിടിക്കുന്ന ഭാഷ
പുതുമഴലഹരിയില്‍ മദിക്കുന്ന മണ്ണിന്‍റെ ഭാഷ
ഇതാണെന്‍റെ ഭാഷ
സ്ത്രീചിത്തമോരുന്നോരു ഭാഷ

Friday, September 11, 2009

ലക്ഷ്മണരേഖ

വട്ടത്തിലാണെന്‍ പൊക്കം
വട്ടത്തിലാണെന്‍ വീതി
വട്ടത്തിലാണെന്‍ ചത്വരവും
നടന്നു നോക്കി, ഓടി നോക്കി
ചാടിക്കടന്നു നോക്കി
വട്ടം വൃത്തമായി നീണ്ടു നിവര്‍ന്നങ്ങനെ
സീതയും മറിയവും കദീജയും
മുന്നിലും പിറകിലുമല്ലാതെ വൃത്തത്തിലായി
മൂലകളില്ലാ വൃത്തം വലയങ്ങളായി വലുതായി
ചതുരത്തിന് മൂലകളുണ്ട് ത്രികോണത്തിനും
മൂലകളില്‍ ഗുരുത്വാകര്‍ഷണം കുറവെന്ന് ശാസ്ത്രം
ഭേദിക്കാം മൂലകളെ പതുങ്ങിയിരിക്കാം മൂലകളില്‍
പക്ഷേ ശാസ്ത്രം പഠിച്ച ലക്ഷ്മണന്‍
വരഞ്ഞത് ലക്ഷണമൊത്ത വൃത്തം

ആസ്പത്രിയിലേക്ക്

അടിത്തറ- മേല്പുര സിദ്ധാന്തങ്ങളിലില്‍ നിന്ന്
ഗ്രാംഷിയിലേക്കും പിന്നെ ലകാനിലേക്കും
ആരോ പിറുപിറുത്തു, കഥയിലേക്ക് വരാത്തതെന്ത്?
നെഞ്ചകത്തുനിന്നുയരുന്നു ഒരു തിര നോവ്
പൊങ്ങിത്താണ് ഒരു നിമിഷം ശാന്തമായി
പത്തുകഥകളും ആകാംക്ഷ നിറഞ്ഞ മുഖങ്ങളും മുന്നില്‍
ശകുന്തളയുടെ കഥയില്‍ നിന്ന് രണ്ടും മൂന്നും കഥകളിലേക്ക്
അടിച്ചുയരുന്ന തിരമാല
വീണുടയുന്നു, വീണ്ടുമടുത്തത്
നെറ്റിയിലുതിരുന്ന വിയര്പ്പു തുള്ളികള്‍
കഥ നാല്, ജ്യോതിര്‍മയിയുടേത്
ഈ പുതു കഥകള്‍ക്കന്തൊരു പെണ്മ
കണ്ണിലിരുട്ട്... തിരകള്‍... തിരകള്‍...
ഏഴാം കഥയിലേക്ക്...
പത്ത് ഇനിയുമകലെ
കുഴഞ്ഞിരിക്കുന്പോള്‍ എംഎന്‍ വിജയന്‍റെ
മരണത്തെ അനുസ്മരിച്ചൂ നിരൂപകന്‍
വെള്ള, മഞ്ഞ, കറുപ്പ്
വേദനയുടെ പുതുലഹരികള്‍
ഇരുളില്‍ ഇലകള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു
അകലെ അമ്മേ എന്ന പിന്‍വിളി
നാവിലേക്കിറ്റുന്ന അമൃതബിന്ദു.

മറകള്‍

ചില്ലുജാലകത്തിനപ്പുറം തിളയ്ക്കുന്ന കടല്‍
കണ്ണടകളില്‍ തിരയിളകുന്ന നിഴല്‍ക്കൂത്ത്
തിരകള്‍ തിറകൊട്ടുന്പോള്‍
തെയ്യം കെട്ടിയാടുന്നിരുവര്‍
തൊടാനൊരു നുണുങ്ങ് നൊന്പരം
കേള്‍ക്കാനൊരു സരോദ്
പിടഞ്ഞുണരുന്ന മിന്നല്‍പ്പിണരുകള്‍
പുതുഗന്ധത്തില്‍ കുതറിത്തെറിക്കുന്ന പുല്‍നാന്പുകള്‍
മഴയിലുതിരുന്ന കണിക്കൊന്നകള്‍
പിരിയുന്നിടത്ത് കൂടിച്ചേരുന്ന പ്രവാഹങ്ങള്‍
പുറംതിരിയുന്പോളിടയ്ക്കൊരു വെയില്‍ക്കീറ്
ഞാനും നീയും
കോടാനുകോടി സൂര്യതേജസ്സുകള്‍ക്കുമപ്പുറം
പിറന്നുവീണ ജീവബിന്ദുക്കള്‍