Tuesday, December 15, 2009

25 കവിതകള്‍

പൊഴിഞ്ഞു വീണോരരയാലിലയും
പെയ്തുപോയോരരുമക്കിനാവും
പൊടിഞ്ഞുവീണോരു വര്‍ണ്ണച്ചിറകും
ഉടഞ്ഞുപോയോരു കുപ്പിവളയും
ഊര്‍ന്നുപോയോരു കുന്നിക്കുരുവും
പെറുക്കിയെടുക്കട്ടെ ഞാന്‍

(1990)

ഒന്ന്
ഹൃദയത്തിന്‍റെ ചൂടില്‍
സ്വപ്നത്തിന്‍റെ വിത്തുമായി
നിദ്രയെ സുഭഗമാക്കാന്‍
പ്രിയ സ്വപ്നങ്ങളെ വരിക

രണ്ട്
ആരാണീ വാതിലുകള്‍ തുറന്നത്
പുറത്തു നിന്നോ, അകത്തു നിന്നോ
മുറിയുടെ ഇരുട്ടിലേക്കോ
മുറ്റത്തെ വെളിച്ചത്തിലേക്കോ

മൂന്ന്
അടുത്തടുത്തു വരുന്ന പാദപതനങ്ങള്‍
ഇത് വെറും മണല്‍ച്ചിറ
തരികളൊന്നൊന്നായി ഊര്‍ന്നു പോകുന്നു
തിരഞ്ഞാലൊരു മുത്തുപോലും കിട്ടില്ലല്ലോ

നാല്
ഈ വാള്‍ത്തലപ്പില്‍ മധുരം കിനിയുന്നു
ചക്കരയുമ്മകള്‍ മുള്‍മുനകളാകുന്നു

അഞ്ച്
എവിടെ ഞാനെന്നെ തിരയേണ്ടു
ആ പകുതിയിലോ ഈ പകുതിയിലോ

ആറ്
ശവക്കുഴിയില്‍ വീണുപോയ നക്ഷത്രങ്ങള്‍
വര്‍ണങ്ങള്‍ കളവുപോയ പൂങ്കുലകള്‍
കറുത്ത നാദങ്ങളുമായി കിളിക്കൂട്ടങ്ങള്‍
പഴങ്ങളില്‍ തൂങ്ങിയാടുന്ന വാവലുകള്‍
നിലവിളികളുടെ നാറ്റം ചൂഴ്ന്നു നില്ക്കുന്ന ശവപ്പറമ്പ്

ആറ്
കൂടുകള്‍ പണിതുപണിതെന്‍
വിരലുകള്‍ തേഞ്ഞിരിക്കുന്നു
പണിയാന്‍ മറന്ന വാതായനങ്ങള്‍ തേടി
ഒരൊറ്റ കുഞ്ഞിക്കിളി പോലും
എന്‍റെ ആകാശത്തു വന്നതുമില്ല

ഏഴ്
ഭീമാകാരങ്ങളായ കുഞ്ഞനെറുമ്പുകളെ
നിങ്ങളെന്നെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്
ഈ കയത്തിന്‍റെ സുഖശീതളനീലിമയില്‍
ഞാന്‍ ശ്വാസം മുട്ടി മരിക്കുന്നു

എട്ട്
ഇന്നലെ ഞാന്‍ വരഞ്ഞ നീലവര്‍ണചിത്രങ്ങളത്രയും
ഇന്ന് ഊതവര്‍ണത്തിലായിരിക്കുന്നല്ലോ

ഒമ്പത്
രക്തം പുരണ്ട ഈ വര്‍ണത്തൂവലുകള്‍
നമുക്ക് കഴുകിയുണക്കാം
അവ ചില്ലുകൂടുകള്‍ക്കൊരലങ്കാരമാകും

പത്ത്
പെയ്തിറങ്ങാത്ത മിന്നല്‍പ്പിണരുകള്‍
ഉറഞ്ഞു തുള്ളുന്ന ഇടിനാദങ്ങള്‍
ആര്‍ത്തിരമ്പുന്ന അലയാഴി
ചെവികള്‍ പൊത്തുക വയ്യല്ലോ
കണ്ണുകള്‍ ചിമ്മാന്‍ വയ്യല്ലോ
കണ്ണീരൊപ്പാന്‍ വയ്യല്ലോ
ഞനെയ്ത അമ്പുകള്‍
എനിക്കു പണിത ശരശയ്യ.

പതിനൊന്ന്
ഈ മരത്തിന്‍റെ നിശ്ശബ്ദത
ഈ രാവിന്‍റ ഏകാന്തത
ഈ ആകാശത്തിന്‍റെ മൌനം
നിന്‍റെ മുഖത്തെ നിര്‍വികാരത
എന്നെ ഭയപ്പെടുത്തുന്നു

പന്ത്രണ്ട്
അടച്ചിട്ട ജനാലയ്ക്കപ്പുറം
നിലാവായി നിന്നൊരുനാളൊരുവന്‍
തുറന്നിട്ട വാതായനത്തില്‍
സൂര്യനായി കത്തിപ്പടരുന്നില്ലൊരുവന്‍

പതിമൂന്ന്
നീലയുടെ സംഗീതവും
നിലാവിന്‍റെ പരിമളവും
എനിക്കു ചുറ്റും;
മൂര്‍ദ്ധാവില്‍ വീണുടയുന്ന മിഴിനീരമൃതുകള്‍
ചുണ്ടില്‍ മധുരിക്കുന്ന ഉപ്പു നീരുറവകള്‍
വിരലിലൊട്ടുന്ന ചുവപ്പിന്‍റെ മാര്‍ദവം
ചില്ലു മറകളില്‍ കുത്തിത്തറയ്ക്കുന്ന പ്രകാശകിരണങ്ങള്‍.
കണ്ണുകള്‍ പൂട്ടട്ടെ ഞാന്‍.

പതിനാല്
ഇന്നുമാ കരിമ്പൂച്ച വന്നു
ശബ്ദങ്ങളെ ഉറക്കിക്കിടത്തിയവന്‍ വന്നു
ഈറന്‍ നിശ്വാസത്തില്‍ നനഞ്ഞോരീ-
യുമ്മറപ്പടിയിലിരുന്നവന്‍ പുഞ്ചിരിച്ചു
ചുവപ്പില്‍ വരഞ്ഞോരാച്ചിത്ര-
പടത്തൂണുകളുടെ മറവിലൂടവന്‍ കയറി വന്നു
പരിഹസിക്കുന്ന കണ്ണുകള്‍
എന്‍റെ നേരെ അലറി വിളിച്ചു
വിറയ്ക്കുന്ന മീശരോമങ്ങള്‍
എന്‍റെ കൈകാലുകളെ വരിഞ്ഞുമുറുക്കി
വിരല്‍ത്തുമ്പുകളിലിറ്റുന്ന ചോരത്തുള്ളികളും
പാദങ്ങളെ നനയ്ക്കുന്ന അമൃതിന്നുറവയും.

പതിനഞ്ച്
നോക്കൂ, കടല്‍ വല്ലാതെ ക്ഷോഭിച്ചിരിക്കുന്നു
നിന്‍റെ കാലടിപ്പാടുകളില്‍ എങ്ങനെയാണ്
എന്‍റെ പാദങ്ങള്‍ ചേര്‍ത്തു വയ്ക്കുക
ശവങ്ങള്‍ക്കു മീതെ നടന്നു നീങ്ങാനെനിക്കാവില്ല
നീ വരൂ, ഈ അഗാധ നീലിമയുടെ പടവുകള്‍
ഒന്നൊന്നായി നമുക്കിറങ്ങാം

പതിനാറ്
ഏത് മച്ചറയുടെ ഇരുട്ടില്‍ ഞാനൊളിക്കും
ഏത് മന്ത്രസ്വരമെനിക്കാശ്വാസമോതും
ഏത് തണുപ്പില്‍ ഞാന്‍ മുഖമമര്‍ത്തും
ഞരമ്പുകളില്‍ ത്രസിക്കുന്ന വേദന
ശ്വസിക്കാനാകാത്ത സൌരഭ്യം
വീശിയടിക്കുന്ന വേഗതയില്‍
മണല്‍ത്തരികള്‍ ഊര്‍ന്നു പോകുന്ന ഇക്കിളി

പതിനേഴ്
എന്‍റെ നക്ഷത്രങ്ങള്‍
നിന്നില്‍ പൊലിഞ്ഞു വീഴുന്നത്
ഞാന്‍ കാണുന്നു
എന്‍റെ കുങ്കുമരേണുക്കള്‍
നിന്‍റെ കണ്ണുകളില്‍
ഇടറിവീഴുന്നതും ഞാനറിയുന്നു
എന്‍റെ മഞ്ഞച്ച പകലുകളിലേക്ക്
പാറിവീണ ചാരത്തുമ്പികള്‍ക്ക്
കിനാക്കളുടെ കനലുകള്‍ നഷ്ടമായിരിക്കുന്നു
പെയ്തിറങ്ങുന്ന മഴവില്ലുകള്‍
ഇടിവാളുകളായി മിന്നുന്നു
നീലാകാശം നിറയെ
ശവംതീനി ഉറുമ്പുകള്‍

പതിനെട്ട്
ശവംനാറിപ്പൂന്തോപ്പിലൂടെ
കാക്കകള്‍ ചേക്കേറുന്ന
ഈ ഗോപുരവാതിലിലൂടെ
ഞാനെങ്ങോട്ടാണ് പോകുന്നത്

പത്തൊമ്പത്
ഞാന്‍ ചിതറി വീണത് നിന്‍റെ ആഴങ്ങളില്‍
എന്നിലൊഴുകി നിറഞ്ഞത് നിന്നിലെ സ്നേഹം
ഈ ചില്ലുജാലകങ്ങളില്‍
എന്‍റെ വിരല്‍ത്തുമ്പുകള്‍ മരവിപ്പാകുന്നു
നിന്‍റെ മിഴികളില്‍ നനഞലിയുന്ന
എന്നെ നീ മടക്കിത്തരിക

ഇരുപത്
ഇടിഞ്ഞ ചുമരുകള്‍ക്കിടയിലെ നിശ്ചലത
കടപുഴകിയ മരത്തിന്‍റെ വിമൂകത
പൊലിഞ്ഞു വീഴുന്ന താരത്തിന്‍റെ ദൈന്യത
പൊരുളുകളുടെ ശൂന്യമായ അറകള്‍
നിശ്ശബ്ദ ഗര്‍ത്തങ്ങളുടെ ആഴങ്ങള്‍
കരിമ്പാറക്കുന്നുകളുടെ നീളുന്ന നിഴലുകള്‍
എന്നെ ഗ്രസിക്കുന്ന ശൂന്യത

ഇരുപത്തൊന്ന്
കാലത്തിന്‍റെ ഇരുണ്ട താഴ്വരകളില്‍
എന്‍റെ ബോധചര്‍മങ്ങള്‍
ഒന്നൊന്നായി കൊഴിഞ്ഞു വീഴുന്നു

ഇരുപത്തിരണ്ട്
ഇരുളിന്‍റെ കയം ശബ്ദങ്ങളുടെ ഉറക്കറ
സ്പന്ദനങ്ങളുടെ സെമിത്തേരി
ശവംനാറിപ്പൂക്കളുടെ സൌരഭ്യം

ഇരുപത്തിമൂന്ന്
പെരുവഴിയില്‍ ഏതേതോ സന്ധികളില്‍ എല്ലാവരും...
നിഴലറ്റ വഴിയും ഊതനിറത്തിലുള്ള ആകാശവും
പിന്നെയും പ്രിയജനങ്ങളെ പൊറുക്കുക
ഏറ്റങ്ങളും ഇറക്കങ്ങളുമില്ലാതെ
വളവും തിരിവുമില്ലാതെ
പുല്ക്കൊടിയും താരങ്ങളുമില്ലാതെ
ജന്മത്തിന്‍റെ അഭിശപ്തതയും പേറി
ഞാന്‍, നീ സ്വാര്‍ത്ഥമോഹങ്ങള്‍
ഞാനോ നീയോ ഇനിയൊരാള്‍?
നാമെന്നൊരേകവചനം
അവസാനമില്ലാത്ത ഗര്‍ത്തം

ഇരുപത്തിനാല്
സന്ധ്യ ഇന്ന് സ്നേഹമാണ്
ആകാശത്ത് വര്‍ണകേളി
സ്നേഹത്തിന് എത്ര നിറമുണ്ട്?
സ്നേഹത്തിന്‍റെ ചില്ലകളില്‍ നിറയെ പൂക്കള്‍
സ്നേഹം മന്ത്രിക്കുന്ന വര്‍ണശലഭങ്ങള്‍
സ്നേഹവുമായി മിന്നാമിനുങ്ങുകള്‍
എന്‍റെ വാതായനവും ജനാലകളും
പ്രകാശത്താല്‍ നിറഞ്ഞിരിക്കുന്നു.

ഇരുപത്തിയഞ്ച്
ഈ രാവിന് എന്‍റെ ഇന്ദ്രിയങ്ങള്‍
ഈ രാവിന് പുതുമണ്ണിന്‍ നിറം
ഈ രാവിന് കാഞ്ഞിരപ്പൂവിന്‍ മണം
ഈ രാവിന് കടലിന്‍ ശബ്ദം
എന്താണ് നീ എന്നോട് മന്ത്രിക്കുന്നത്
ജീവിതത്തിന്‍റെ ഉണ്മയോ?
സാന്ത്വനത്തിന്‍റെ പുതപ്പുമായി നിദ്ര.

No comments: