Monday, August 8, 2011

കൈകേയി

എന്നുമൊരു സ്വപ്നാടനക്കാരി
പേരു പോലും മറന്നവൾ
പ്രണയം കവിതയാക്കിയോൾ
താരാകീർണ്ണരാവുപോൽ മനോഹരി
ഭരതനെക്കാളുമേറെ രാമനെ സ്നേഹിപ്പോൾ
ചക്രവാകിനിയെപ്പോൽ പതിയുടെ നിഴലായോൾ.

പായുന്നൂ കുതിരകൾ വായൂമാർഗ്ഗേണെ
താണ്ടിടുന്നൂ രഥം വിമാനവേഗത്തിൽ
ഛിന്നമായി ശത്രുക്കൾ ഒന്നൊഴിയാതെ
കബന്ധങ്ങൾ,ശിരസ്സുകൾ...നാലുപാടും
പെയ്തൂ രുധിരം മാരി കണക്കെ.
രഥാക്ഷം മുറിഞ്ഞു പോയെന്നാകിലും
ചൂണ്ടുവിരലാൽ കൈകേയി രഥാക്ഷമായി
നൊന്തുകടയുന്നുണ്ട് ചൂണ്ടുവിരലെന്നാകിലും
നോക്കിനിന്നുപോയവൾ വിജയസൂര്യനെ
പാതികൂമ്പിയൊരാമ്പൽ കണക്കെ.
ലഭിച്ചൂ ജയഹേതുവായോൾക്ക്
രാജസമ്മാനമായൊരു മൺകുടുക്ക;
കുടുക്കയിൽ രണ്ടു പൊൻനാണയവും.

രാവുകൾ അടിച്ചുകുളിച്ചു പകലുകളായതും

പകലുകൾ നടന്നു കിതച്ചു രാവുകളായതും
അറിഞ്ഞില്ലവൾ,കിനാവുണ്ടു വളർന്നവൾ
അറിഞ്ഞില്ലവൾ,അരങ്ങേറും മന്ത്രണങ്ങൾ
മന്ത്രിപ്പുകൾ,കാര്യവിചാരങ്ങളൊന്നുമേ.

ഒരുനാളവൾ ഞെട്ടിയുണർന്നു കണ്ടു
ഉയർന്നു പറക്കും കൊടിതോരണങ്ങൾ
നിരന്നു നിൽക്കും അക്ഷൌണിപ്പടകൾ
ചെകിടടപ്പിക്കും പടഹധ്വനികൾ,ചെണ്ട-
മേളങ്ങൾ,വാദ്യഘോഷങ്ങൾ......................
വന്നു നിറഞ്ഞൂ മഹർഷികൾ,സന്യാസികൾ
പൊങ്ങീ മന്ത്രധ്വനികൾ കടലലയായി
നൂപുരങ്ങൾ ചിരിച്ചുല്ലസിച്ചു അകത്തളങ്ങളിൽ
പട്ടുടയാടകൾ വാരിവിതറീ പൊൻവെളിച്ചം
മിനുക്കുന്നൂ കാഞ്ചനകങ്കണാദിമാലകളും.
പാറിനിന്നൂ അയോദ്ധ്യഏഴുനിറങ്ങളും
വാരിയണിഞ്ഞൊരു യുവതിയെപ്പോലെ.

ഇലയനക്കമില്ല ചുറ്റും
ഇമയനക്കമില്ല ചാരത്ത്
നിറങ്ങളുടെ നൃത്തമില്ല
പട്ടുടയാടകളുടെ മിനുസ്സമില്ല
പ്രണയമോതും കുറിമാനങ്ങളില്ല
മകൻ ഭരതനില്ല,രാമനും.
ഇരുട്ടുകൊണ്ട് തഴുതിട്ട്
നിശബ്ദതകൊണ്ടോടു മേഞ്ഞ നിലവറ
പകച്ചുപോയവൾ,സ്വപ്നാടനക്കാരി
ചുട്ടുപഴുത്തൂ ചൂണ്ടുവിരൽ കൈകേയിക്ക്
കലമ്പീ പൊൻനാണയങ്ങൾ മൺകുടുക്കയിൽ.

കണ്ണു ചുവന്നൂ ഗാത്രം വിറച്ചൂ
നേത്രജ്വാലയാൽ തീ പിടിച്ചൂ ശീലകൾക്ക്
നിഴലുകൾ അകന്നൂ മൌഢ്യം മാഞ്ഞൂ
പിടഞ്ഞുണർന്നൂ ചക്രവാകപ്പിട
എറിഞ്ഞുടച്ചവളാ മൺകുടുക്ക
പതിച്ചൂ നാണയങ്ങൾ വിജയിതൻ പാദങ്ങളിൽ.

മന്ത്രങ്ങൾ പാതി മുറിഞ്ഞു
യാഗാഗ്നികൾ കെട്ടു പോയി
ചിതറിപ്പോയീ കൊടിതോരണങ്ങൾ
ഒച്ചയടഞ്ഞു പോയീ നൂപുരധ്വനികൾക്ക്
വേപഥുപൂണ്ട താരകമൊളിച്ചൂ കടലിന്നാഴത്തിൽ
നടന്നുപോയി യുഗങ്ങൾ കാലൊച്ചയില്ലാതെ
മന്നവനോ,മോഹിച്ചു വീണവനിയിൽ നിശ്ചേതനായി.




Friday, July 22, 2011

കൈകേയി

കൈകേയി
കൈകേയി എന്നുമൊരു സ്വപ്നാടനക്കാരി
പ്രണയത്തൂവലാൽ കവിത കുറിക്കുവോൾ സ്വന്തമായൊരു പേരില്ലാത്തോൾ താരാകീർണരാവു പോൽ മനോഹരി ഭരതനെക്കാളുമേറെ രാമനെ സ്നേഹിച്ചവൾ ചക്രവാകപ്പിട പോൽ പതിയുടെ നിഴലായവൾ. പായുന്നൂ കുതിരകൾ വായൂമാർഗ്ഗേണ
താണ്ടിടുന്നൂ ദൂരം വിമാനവേഗത്തിൽ
ഛിന്നമായി ശത്രുക്കൾ ഒന്നൊഴിയാതെ
കബന്ധങ്ങൾ,ശിരസ്സുകൾ നാലുപാടും
പെയ്തൂ രുധിരം മാരി കണക്കെ.
രഥാക്ഷ കീലം മുറിഞ്ഞു പോയതും
ചൂണ്ടുവിരലാൽ കൈകേയി കീലമായതും
അറിഞ്ഞില്ല ദേവമിത്രം ദശരഥൻ.
*
നൊന്തു കടയും വേദന മറന്ന്
നോക്കി നിന്നു പോയവൾ
ജയിച്ചവന്റെ ഹർഷാരവങ്ങളെ
പാതികൂമ്പിയൊരാമ്പൽ കണക്കെ.
*
ദിനങ്ങളേറെ കഴിഞ്ഞൊരു നാൾ
നൽകീ നൃപനവൾക്കൊരു സമ്മാനം
ഒരു മൺകുടുക്ക;രണ്ടു പൊൻനാണയവും.
*
രാവുകൾ അടിച്ചു കുളിച്ചു പകലുകളായതും
പകലുകൾ നടന്നും കിതച്ചും രാവുകളായതും
അറിഞ്ഞില്ല കൈകേയി,കിനാവുണ്ടു വളർന്നവൾ
രാജസദസ്സുകളിൽ, അന്തപുരങ്ങളിൽ നടക്കും
മന്ത്രണങ്ങൾ,മന്ത്രങ്ങൾ, അവളറിഞ്ഞില്ലൊന്നും *
ദിനങ്ങളേറെ കഴിഞ്ഞൊരു നാൾ
നൽകീ നൃപനവൾക്കൊരു സമ്മാനം
ഒരു മൺകുടുക്ക;രണ്ടു പൊൻനാണയവും.
*
രാവുകൾ അടിച്ചു കുളിച്ചു പകലുകളായതും
പകലുകൾ നടന്നും കിതച്ചും രാവുകളായതും
അറിഞ്ഞില്ല കൈകേയി,കിനാവുണ്ടു വളർന്നവൾ
രാജസദസ്സുകളിൽ, അന്തപുരങ്ങളിൽ നടക്കും
മന്ത്രണങ്ങൾ,മന്ത്രങ്ങൾ, അവളറിഞ്ഞില്ലൊന്നും.
*
ഒരു നാൾ ഞെട്ടിയുണർന്നവൾ കണ്ടൂ
ഉയർന്നു പറക്കുന്ന കൊടിതോരണങ്ങൾ
നിരന്നു നിൽക്കും അക്ഷൌഹിണിപ്പടയെ
ചെകിടടപ്പികും പടഹധ്വനികൾ,ചെണ്ട-
മേളങ്ങൾ,വാദ്യഘോഷങ്ങൾ.
വന്നു നിരന്നൂ മഹർഷിവര്യർ,സന്യാസികൾ
പൊങ്ങീ മന്ത്രധ്വനികൾ കടലലപോലെ.
അന്തപ്പുരത്തിലവൾ കണ്ടൂ
തിടുക്കത്തിൽ കുറവു തീർക്കും പട്ടുടയാടകൾ
കാഞ്ചനകങ്കണാദി ആഭരണങ്ങളും.
പാറിനിന്നൂ അയോദ്ധ്യ നിറങ്ങളേഴും
പൂശിയൊരു യുവതിയെപോലെ.
*
ചുട്ടു പഴുത്തൂ ചൂണ്ടുവിരൽ
കലമ്പീ നാണയങ്ങൾ കുടുക്കയിൽ
എവിടെയെൻ പ്രീയതമൻ?
എവിടെയെൻ പൊന്നു മകൻ?
ആരവനെയയച്ചു ദൂതിനായിത്ര ദൂരം?
പകച്ചു പോയി കൈകേയി.
ആരുമില്ലാ ചാരത്ത്; മന്ഥരയല്ലാതാരും
ആരുമൊന്നും പറഞ്ഞതില്ല; മന്ഥരയല്ലാതാരും.
*
കണ്ണു ചുവന്നൂ ഗാത്രം വിറച്ചൂ കൈകേയിക്ക്
നേത്ര ജ്വാലയാൽ തീ പിടിച്ചു തിരശ്ശീലകൾക്ക്
ഉറയൂരും സർപ്പം പോലവൾ ഉറഞ്ഞു തുള്ളീ
എറിഞ്ഞുടച്ചവൾ ആ മൺക്കുടുക്ക
ചെന്നു പതിച്ചു ആ നാണയങ്ങളാ-
ജയിച്ചവന്റെ പാദങ്ങളിൽ.
*
നൂപുരധ്വനികൾ തൻ ഒച്ചയടഞ്ഞു
യുഗങ്ങൾ നടന്നു പോയി കലൊച്ച കേൾപ്പിക്കാതെ
ചിതറിപ്പോയി കൊടിതോരണങ്ങൾ
പേടിച്ചരണ്ട താരകങ്ങൊളിച്ചു കടലിനടിയിൽ
*
മന്നവൻ മോഹിച്ചു വീണാനവനിയിൽ
രാമനോ അയോദ്ധ്യയെ അടവിയെന്നു
നണ്ണി ഭരിച്ചൂ പതിന്നാലു വത്സരം മോദമോടെ.

Sunday, February 14, 2010

സുജാത

സുജാത
sujathamanthanath.blogspot.com
പുതിയ ബ്ലോഗിലേക്ക് മാറിയിരിക്കുന്നു . ഇതാണത് sujathamanthanath.blogspot.കോം ദയവായി സന്ദര്‍ശിക്കു.

Monday, January 11, 2010

നന്ദി

ഈര്‍ച്ചവാളുകള്‍ കയറിയിറങ്ങിക്കൊണ്ടേയിരുന്നു
ചിതറിത്തെറിച്ച മാംസനാരുകള്‍
ഒഴുകാന്‍ വിസമ്മതിക്കുന്ന രക്തത്തളങ്ങള്‍
ആക്രോശങ്ങള്‍ വാളെടുക്കുന്നു വെട്ടിനുറുക്കുന്നു
പിടഞ്ഞുകുതറാന്‍ ഓടിയകലാന്‍
അരുതേയെന്നപേക്ഷിക്കാന്‍...
കര്‍ണങ്ങളൊക്കെയും ബധിരങ്ങള്‍
കണ്ണുകളിലൊക്കെയും അന്ധകാരം
നാവുകള്‍ ചുഴറ്റിക്കൊണ്ടേയിരുന്നു
ഞാന്‍ നിനക്ക് സ്നേഹം തന്നു
നീ എനിക്ക് ഒന്നും തിരിച്ചു തന്നില്ല
ഞാന്‍ നിനക്ക് ശരീരം തന്നു
നീ എനിക്ക് നിന്നെ പകുത്തില്ല
ഞാന്‍ നിന്നെ പ്രണയിച്ചു
നീ പുന്നാരങ്ങളൊന്നും പറഞ്ഞില്ല
ഞാന്‍ നിനക്കുടക്കാന്‍ തന്നു
നീ എന്‍റെ മുന്നില്‍ നഗ്നനായില്ല
ഞാന്‍ നിന്നെ കാനാന്‍ ദേശത്തേക്ക് കൂട്ടിക്കൊണ്ടു പോയി
നീ എന്‍റെ പാനപാത്രം നിറച്ചില്ല
നിനക്ക് ഞാനന്ത്യം വരേയുമുണ്ടാകുമെന്ന്
നീ നന്ദിപൂര്‍വം തലകുനിച്ചില്ല

പുര

വീടെന്നെ കിനാവു കാണുമ്പോള്‍
കാലുകള്‍ കനലുകളില്‍ വെന്തടരുകയായിരുന്നു
വീടെന്നെ കിനാവു കാണുമ്പോള്‍
മുടിയിഴകളില്‍ കാറ്റ് അഗ്നി വിതയ്ക്കുകയായിരുന്നു
തറയോടുകള്‍ പൊള്ളിക്കുടുന്നിരിക്കുന്നതും
ചിപ്പികളില്‍ പിണരുകള്‍ അലമുറയിടുന്നതും
ജനാലകളില്‍ ഇടിനാദം പെരുമ്പറയാകുന്നതും
വാതായനങ്ങള്‍ കൊട്ടിയടയുന്നതുമെന്‍
നെഞ്ചകം പിളര്‍ത്തിയതാരറിയുവത്
വെന്തകാലോടുന്നതെന്‍ മുന്നിലോ പിന്നിലോ
പിറന്ന വീട് കണ്ണരികത്തെന്നച്ഛന്‍
കണ്ണൊന്ന് നീട്ടുമ്പോള്‍ പിന്നിലൊളിക്കുകയാണാ വീട്
പിറന്ന വീട് ഒരു പാദമുയരത്തിലെന്നമ്മ
ഉയര്‍ന്ന കാലൂന്നവതേത് നിലത്തിലേക്ക്
കാലിറമ്പിലേതോ നിലയില്ലാക്കയം
വെന്തകാലോടുന്നതെന്‍ മുന്നിലോ പിന്നിലോ
കുത്തിത്തിരുകിയ സഞ്ചിയിലെ-
ടുക്കാത്തതെന്ത് എടുത്തതെന്ത്
കാലു തിരുകിയതാരുടെ ചെരുപ്പില്‍
വെന്തകാലോടുന്നതെന്‍ മുന്നിലോ പിന്നിലോ
വിളിക്കുന്നതാരെന്നെ പിന്നില്‍
തൊട്ടുപൊള്ളിക്കുന്നതാരെന്നെ ചാരത്ത്
ആരുടെ ശ്വാസമെന്‍ ചെവിപ്പുറകില്‍
അതെന്‍റെ പുരയാണ് പുര
അതെന്‍റെ മുതുകിലാണ് മുതുകില്‍
അതെന്‍റെ കൂനിലാണ് കൂനില്‍
വെന്തകാലോടുന്നതെന്‍ മുന്നിലോ പിന്നിലോ

Tuesday, December 15, 2009

25 കവിതകള്‍

പൊഴിഞ്ഞു വീണോരരയാലിലയും
പെയ്തുപോയോരരുമക്കിനാവും
പൊടിഞ്ഞുവീണോരു വര്‍ണ്ണച്ചിറകും
ഉടഞ്ഞുപോയോരു കുപ്പിവളയും
ഊര്‍ന്നുപോയോരു കുന്നിക്കുരുവും
പെറുക്കിയെടുക്കട്ടെ ഞാന്‍

(1990)

ഒന്ന്
ഹൃദയത്തിന്‍റെ ചൂടില്‍
സ്വപ്നത്തിന്‍റെ വിത്തുമായി
നിദ്രയെ സുഭഗമാക്കാന്‍
പ്രിയ സ്വപ്നങ്ങളെ വരിക

രണ്ട്
ആരാണീ വാതിലുകള്‍ തുറന്നത്
പുറത്തു നിന്നോ, അകത്തു നിന്നോ
മുറിയുടെ ഇരുട്ടിലേക്കോ
മുറ്റത്തെ വെളിച്ചത്തിലേക്കോ

മൂന്ന്
അടുത്തടുത്തു വരുന്ന പാദപതനങ്ങള്‍
ഇത് വെറും മണല്‍ച്ചിറ
തരികളൊന്നൊന്നായി ഊര്‍ന്നു പോകുന്നു
തിരഞ്ഞാലൊരു മുത്തുപോലും കിട്ടില്ലല്ലോ

നാല്
ഈ വാള്‍ത്തലപ്പില്‍ മധുരം കിനിയുന്നു
ചക്കരയുമ്മകള്‍ മുള്‍മുനകളാകുന്നു

അഞ്ച്
എവിടെ ഞാനെന്നെ തിരയേണ്ടു
ആ പകുതിയിലോ ഈ പകുതിയിലോ

ആറ്
ശവക്കുഴിയില്‍ വീണുപോയ നക്ഷത്രങ്ങള്‍
വര്‍ണങ്ങള്‍ കളവുപോയ പൂങ്കുലകള്‍
കറുത്ത നാദങ്ങളുമായി കിളിക്കൂട്ടങ്ങള്‍
പഴങ്ങളില്‍ തൂങ്ങിയാടുന്ന വാവലുകള്‍
നിലവിളികളുടെ നാറ്റം ചൂഴ്ന്നു നില്ക്കുന്ന ശവപ്പറമ്പ്

ആറ്
കൂടുകള്‍ പണിതുപണിതെന്‍
വിരലുകള്‍ തേഞ്ഞിരിക്കുന്നു
പണിയാന്‍ മറന്ന വാതായനങ്ങള്‍ തേടി
ഒരൊറ്റ കുഞ്ഞിക്കിളി പോലും
എന്‍റെ ആകാശത്തു വന്നതുമില്ല

ഏഴ്
ഭീമാകാരങ്ങളായ കുഞ്ഞനെറുമ്പുകളെ
നിങ്ങളെന്നെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്
ഈ കയത്തിന്‍റെ സുഖശീതളനീലിമയില്‍
ഞാന്‍ ശ്വാസം മുട്ടി മരിക്കുന്നു

എട്ട്
ഇന്നലെ ഞാന്‍ വരഞ്ഞ നീലവര്‍ണചിത്രങ്ങളത്രയും
ഇന്ന് ഊതവര്‍ണത്തിലായിരിക്കുന്നല്ലോ

ഒമ്പത്
രക്തം പുരണ്ട ഈ വര്‍ണത്തൂവലുകള്‍
നമുക്ക് കഴുകിയുണക്കാം
അവ ചില്ലുകൂടുകള്‍ക്കൊരലങ്കാരമാകും

പത്ത്
പെയ്തിറങ്ങാത്ത മിന്നല്‍പ്പിണരുകള്‍
ഉറഞ്ഞു തുള്ളുന്ന ഇടിനാദങ്ങള്‍
ആര്‍ത്തിരമ്പുന്ന അലയാഴി
ചെവികള്‍ പൊത്തുക വയ്യല്ലോ
കണ്ണുകള്‍ ചിമ്മാന്‍ വയ്യല്ലോ
കണ്ണീരൊപ്പാന്‍ വയ്യല്ലോ
ഞനെയ്ത അമ്പുകള്‍
എനിക്കു പണിത ശരശയ്യ.

പതിനൊന്ന്
ഈ മരത്തിന്‍റെ നിശ്ശബ്ദത
ഈ രാവിന്‍റ ഏകാന്തത
ഈ ആകാശത്തിന്‍റെ മൌനം
നിന്‍റെ മുഖത്തെ നിര്‍വികാരത
എന്നെ ഭയപ്പെടുത്തുന്നു

പന്ത്രണ്ട്
അടച്ചിട്ട ജനാലയ്ക്കപ്പുറം
നിലാവായി നിന്നൊരുനാളൊരുവന്‍
തുറന്നിട്ട വാതായനത്തില്‍
സൂര്യനായി കത്തിപ്പടരുന്നില്ലൊരുവന്‍

പതിമൂന്ന്
നീലയുടെ സംഗീതവും
നിലാവിന്‍റെ പരിമളവും
എനിക്കു ചുറ്റും;
മൂര്‍ദ്ധാവില്‍ വീണുടയുന്ന മിഴിനീരമൃതുകള്‍
ചുണ്ടില്‍ മധുരിക്കുന്ന ഉപ്പു നീരുറവകള്‍
വിരലിലൊട്ടുന്ന ചുവപ്പിന്‍റെ മാര്‍ദവം
ചില്ലു മറകളില്‍ കുത്തിത്തറയ്ക്കുന്ന പ്രകാശകിരണങ്ങള്‍.
കണ്ണുകള്‍ പൂട്ടട്ടെ ഞാന്‍.

പതിനാല്
ഇന്നുമാ കരിമ്പൂച്ച വന്നു
ശബ്ദങ്ങളെ ഉറക്കിക്കിടത്തിയവന്‍ വന്നു
ഈറന്‍ നിശ്വാസത്തില്‍ നനഞ്ഞോരീ-
യുമ്മറപ്പടിയിലിരുന്നവന്‍ പുഞ്ചിരിച്ചു
ചുവപ്പില്‍ വരഞ്ഞോരാച്ചിത്ര-
പടത്തൂണുകളുടെ മറവിലൂടവന്‍ കയറി വന്നു
പരിഹസിക്കുന്ന കണ്ണുകള്‍
എന്‍റെ നേരെ അലറി വിളിച്ചു
വിറയ്ക്കുന്ന മീശരോമങ്ങള്‍
എന്‍റെ കൈകാലുകളെ വരിഞ്ഞുമുറുക്കി
വിരല്‍ത്തുമ്പുകളിലിറ്റുന്ന ചോരത്തുള്ളികളും
പാദങ്ങളെ നനയ്ക്കുന്ന അമൃതിന്നുറവയും.

പതിനഞ്ച്
നോക്കൂ, കടല്‍ വല്ലാതെ ക്ഷോഭിച്ചിരിക്കുന്നു
നിന്‍റെ കാലടിപ്പാടുകളില്‍ എങ്ങനെയാണ്
എന്‍റെ പാദങ്ങള്‍ ചേര്‍ത്തു വയ്ക്കുക
ശവങ്ങള്‍ക്കു മീതെ നടന്നു നീങ്ങാനെനിക്കാവില്ല
നീ വരൂ, ഈ അഗാധ നീലിമയുടെ പടവുകള്‍
ഒന്നൊന്നായി നമുക്കിറങ്ങാം

പതിനാറ്
ഏത് മച്ചറയുടെ ഇരുട്ടില്‍ ഞാനൊളിക്കും
ഏത് മന്ത്രസ്വരമെനിക്കാശ്വാസമോതും
ഏത് തണുപ്പില്‍ ഞാന്‍ മുഖമമര്‍ത്തും
ഞരമ്പുകളില്‍ ത്രസിക്കുന്ന വേദന
ശ്വസിക്കാനാകാത്ത സൌരഭ്യം
വീശിയടിക്കുന്ന വേഗതയില്‍
മണല്‍ത്തരികള്‍ ഊര്‍ന്നു പോകുന്ന ഇക്കിളി

പതിനേഴ്
എന്‍റെ നക്ഷത്രങ്ങള്‍
നിന്നില്‍ പൊലിഞ്ഞു വീഴുന്നത്
ഞാന്‍ കാണുന്നു
എന്‍റെ കുങ്കുമരേണുക്കള്‍
നിന്‍റെ കണ്ണുകളില്‍
ഇടറിവീഴുന്നതും ഞാനറിയുന്നു
എന്‍റെ മഞ്ഞച്ച പകലുകളിലേക്ക്
പാറിവീണ ചാരത്തുമ്പികള്‍ക്ക്
കിനാക്കളുടെ കനലുകള്‍ നഷ്ടമായിരിക്കുന്നു
പെയ്തിറങ്ങുന്ന മഴവില്ലുകള്‍
ഇടിവാളുകളായി മിന്നുന്നു
നീലാകാശം നിറയെ
ശവംതീനി ഉറുമ്പുകള്‍

പതിനെട്ട്
ശവംനാറിപ്പൂന്തോപ്പിലൂടെ
കാക്കകള്‍ ചേക്കേറുന്ന
ഈ ഗോപുരവാതിലിലൂടെ
ഞാനെങ്ങോട്ടാണ് പോകുന്നത്

പത്തൊമ്പത്
ഞാന്‍ ചിതറി വീണത് നിന്‍റെ ആഴങ്ങളില്‍
എന്നിലൊഴുകി നിറഞ്ഞത് നിന്നിലെ സ്നേഹം
ഈ ചില്ലുജാലകങ്ങളില്‍
എന്‍റെ വിരല്‍ത്തുമ്പുകള്‍ മരവിപ്പാകുന്നു
നിന്‍റെ മിഴികളില്‍ നനഞലിയുന്ന
എന്നെ നീ മടക്കിത്തരിക

ഇരുപത്
ഇടിഞ്ഞ ചുമരുകള്‍ക്കിടയിലെ നിശ്ചലത
കടപുഴകിയ മരത്തിന്‍റെ വിമൂകത
പൊലിഞ്ഞു വീഴുന്ന താരത്തിന്‍റെ ദൈന്യത
പൊരുളുകളുടെ ശൂന്യമായ അറകള്‍
നിശ്ശബ്ദ ഗര്‍ത്തങ്ങളുടെ ആഴങ്ങള്‍
കരിമ്പാറക്കുന്നുകളുടെ നീളുന്ന നിഴലുകള്‍
എന്നെ ഗ്രസിക്കുന്ന ശൂന്യത

ഇരുപത്തൊന്ന്
കാലത്തിന്‍റെ ഇരുണ്ട താഴ്വരകളില്‍
എന്‍റെ ബോധചര്‍മങ്ങള്‍
ഒന്നൊന്നായി കൊഴിഞ്ഞു വീഴുന്നു

ഇരുപത്തിരണ്ട്
ഇരുളിന്‍റെ കയം ശബ്ദങ്ങളുടെ ഉറക്കറ
സ്പന്ദനങ്ങളുടെ സെമിത്തേരി
ശവംനാറിപ്പൂക്കളുടെ സൌരഭ്യം

ഇരുപത്തിമൂന്ന്
പെരുവഴിയില്‍ ഏതേതോ സന്ധികളില്‍ എല്ലാവരും...
നിഴലറ്റ വഴിയും ഊതനിറത്തിലുള്ള ആകാശവും
പിന്നെയും പ്രിയജനങ്ങളെ പൊറുക്കുക
ഏറ്റങ്ങളും ഇറക്കങ്ങളുമില്ലാതെ
വളവും തിരിവുമില്ലാതെ
പുല്ക്കൊടിയും താരങ്ങളുമില്ലാതെ
ജന്മത്തിന്‍റെ അഭിശപ്തതയും പേറി
ഞാന്‍, നീ സ്വാര്‍ത്ഥമോഹങ്ങള്‍
ഞാനോ നീയോ ഇനിയൊരാള്‍?
നാമെന്നൊരേകവചനം
അവസാനമില്ലാത്ത ഗര്‍ത്തം

ഇരുപത്തിനാല്
സന്ധ്യ ഇന്ന് സ്നേഹമാണ്
ആകാശത്ത് വര്‍ണകേളി
സ്നേഹത്തിന് എത്ര നിറമുണ്ട്?
സ്നേഹത്തിന്‍റെ ചില്ലകളില്‍ നിറയെ പൂക്കള്‍
സ്നേഹം മന്ത്രിക്കുന്ന വര്‍ണശലഭങ്ങള്‍
സ്നേഹവുമായി മിന്നാമിനുങ്ങുകള്‍
എന്‍റെ വാതായനവും ജനാലകളും
പ്രകാശത്താല്‍ നിറഞ്ഞിരിക്കുന്നു.

ഇരുപത്തിയഞ്ച്
ഈ രാവിന് എന്‍റെ ഇന്ദ്രിയങ്ങള്‍
ഈ രാവിന് പുതുമണ്ണിന്‍ നിറം
ഈ രാവിന് കാഞ്ഞിരപ്പൂവിന്‍ മണം
ഈ രാവിന് കടലിന്‍ ശബ്ദം
എന്താണ് നീ എന്നോട് മന്ത്രിക്കുന്നത്
ജീവിതത്തിന്‍റെ ഉണ്മയോ?
സാന്ത്വനത്തിന്‍റെ പുതപ്പുമായി നിദ്ര.