Monday, August 8, 2011

കൈകേയി

എന്നുമൊരു സ്വപ്നാടനക്കാരി
പേരു പോലും മറന്നവൾ
പ്രണയം കവിതയാക്കിയോൾ
താരാകീർണ്ണരാവുപോൽ മനോഹരി
ഭരതനെക്കാളുമേറെ രാമനെ സ്നേഹിപ്പോൾ
ചക്രവാകിനിയെപ്പോൽ പതിയുടെ നിഴലായോൾ.

പായുന്നൂ കുതിരകൾ വായൂമാർഗ്ഗേണെ
താണ്ടിടുന്നൂ രഥം വിമാനവേഗത്തിൽ
ഛിന്നമായി ശത്രുക്കൾ ഒന്നൊഴിയാതെ
കബന്ധങ്ങൾ,ശിരസ്സുകൾ...നാലുപാടും
പെയ്തൂ രുധിരം മാരി കണക്കെ.
രഥാക്ഷം മുറിഞ്ഞു പോയെന്നാകിലും
ചൂണ്ടുവിരലാൽ കൈകേയി രഥാക്ഷമായി
നൊന്തുകടയുന്നുണ്ട് ചൂണ്ടുവിരലെന്നാകിലും
നോക്കിനിന്നുപോയവൾ വിജയസൂര്യനെ
പാതികൂമ്പിയൊരാമ്പൽ കണക്കെ.
ലഭിച്ചൂ ജയഹേതുവായോൾക്ക്
രാജസമ്മാനമായൊരു മൺകുടുക്ക;
കുടുക്കയിൽ രണ്ടു പൊൻനാണയവും.

രാവുകൾ അടിച്ചുകുളിച്ചു പകലുകളായതും

പകലുകൾ നടന്നു കിതച്ചു രാവുകളായതും
അറിഞ്ഞില്ലവൾ,കിനാവുണ്ടു വളർന്നവൾ
അറിഞ്ഞില്ലവൾ,അരങ്ങേറും മന്ത്രണങ്ങൾ
മന്ത്രിപ്പുകൾ,കാര്യവിചാരങ്ങളൊന്നുമേ.

ഒരുനാളവൾ ഞെട്ടിയുണർന്നു കണ്ടു
ഉയർന്നു പറക്കും കൊടിതോരണങ്ങൾ
നിരന്നു നിൽക്കും അക്ഷൌണിപ്പടകൾ
ചെകിടടപ്പിക്കും പടഹധ്വനികൾ,ചെണ്ട-
മേളങ്ങൾ,വാദ്യഘോഷങ്ങൾ......................
വന്നു നിറഞ്ഞൂ മഹർഷികൾ,സന്യാസികൾ
പൊങ്ങീ മന്ത്രധ്വനികൾ കടലലയായി
നൂപുരങ്ങൾ ചിരിച്ചുല്ലസിച്ചു അകത്തളങ്ങളിൽ
പട്ടുടയാടകൾ വാരിവിതറീ പൊൻവെളിച്ചം
മിനുക്കുന്നൂ കാഞ്ചനകങ്കണാദിമാലകളും.
പാറിനിന്നൂ അയോദ്ധ്യഏഴുനിറങ്ങളും
വാരിയണിഞ്ഞൊരു യുവതിയെപ്പോലെ.

ഇലയനക്കമില്ല ചുറ്റും
ഇമയനക്കമില്ല ചാരത്ത്
നിറങ്ങളുടെ നൃത്തമില്ല
പട്ടുടയാടകളുടെ മിനുസ്സമില്ല
പ്രണയമോതും കുറിമാനങ്ങളില്ല
മകൻ ഭരതനില്ല,രാമനും.
ഇരുട്ടുകൊണ്ട് തഴുതിട്ട്
നിശബ്ദതകൊണ്ടോടു മേഞ്ഞ നിലവറ
പകച്ചുപോയവൾ,സ്വപ്നാടനക്കാരി
ചുട്ടുപഴുത്തൂ ചൂണ്ടുവിരൽ കൈകേയിക്ക്
കലമ്പീ പൊൻനാണയങ്ങൾ മൺകുടുക്കയിൽ.

കണ്ണു ചുവന്നൂ ഗാത്രം വിറച്ചൂ
നേത്രജ്വാലയാൽ തീ പിടിച്ചൂ ശീലകൾക്ക്
നിഴലുകൾ അകന്നൂ മൌഢ്യം മാഞ്ഞൂ
പിടഞ്ഞുണർന്നൂ ചക്രവാകപ്പിട
എറിഞ്ഞുടച്ചവളാ മൺകുടുക്ക
പതിച്ചൂ നാണയങ്ങൾ വിജയിതൻ പാദങ്ങളിൽ.

മന്ത്രങ്ങൾ പാതി മുറിഞ്ഞു
യാഗാഗ്നികൾ കെട്ടു പോയി
ചിതറിപ്പോയീ കൊടിതോരണങ്ങൾ
ഒച്ചയടഞ്ഞു പോയീ നൂപുരധ്വനികൾക്ക്
വേപഥുപൂണ്ട താരകമൊളിച്ചൂ കടലിന്നാഴത്തിൽ
നടന്നുപോയി യുഗങ്ങൾ കാലൊച്ചയില്ലാതെ
മന്നവനോ,മോഹിച്ചു വീണവനിയിൽ നിശ്ചേതനായി.




No comments: