Saturday, December 5, 2009

ജീവിതം, മരണവും

ഇരുമ്പ് ഇരുമ്പിനോട് സ്വകാര്യം പറയുന്ന കാര്‍ക്കശ്യം
നിര്‍ത്താതെ നിലയ്ക്കാതെ പാളം തെറ്റാത്ത ഓട്ടം
വിറച്ച് വിറങ്ങലിച്ച് ഞാന്‍ നടന്നു കൊണ്ടേയിരുന്നു
അട്ടിയിട്ട ചരക്കുകള്‍
ആളിറങ്ങാനോ കയറാനോ ഇല്ല
താവളങ്ങളില്ല
പച്ച വെളിച്ചമോ ചുവന്ന വെളിച്ചമോ ഇല്ല
വണ്ടിയിലിരുട്ടത്ത് ഞാന്‍ തനിച്ചായിരുന്നു
വിണ്ടലം പൊള്ളിക്കുന്ന ചൂളം വിളി
ശ്വാസനാളത്തെ എരിയിക്കുന്ന നീറ്റല്‍
വിരല്‍ നഖം കരളുന്ന എലികള്‍
മുടിയില്‍ തൊട്ടുപറക്കുന്ന വാവലുകള്‍
സ്പര്‍ശിക്കുന്നത് ചുട്ടുപഴുത്ത ലോഹം
ഊര്‍ന്നുപോകുന്ന ചെറുവിരല്‍ത്തുമ്പ്
അകന്നു പോകുന്ന സാന്ത്വനം
കാതിലലസിപ്പോകുന്ന ശബ്ദം
നീന്തിക്കയറിയ കണ്ണീര്‍പ്പാടം -
പിന്നിലെവിടെയോ മരുഭൂമിയായി
ഒരു മരത്തണല്‍ നീളവും
ഒരു മരീചിക നിഴലും കണ്ണിലില്ല
കറുത്ത വണ്ടി കറുപ്പിലേക്ക് കുതിക്കുന്നു
അലറിപ്പാഞ്ഞ് കൂകിവിളിച്ച്
വണ്ടി ഓടിക്കൊണ്ടേയിരുന്നു
കറുത്ത നീരാഴി ആഴത്തിലേക്ക്
ഒരു താരകവും വിറച്ചില്ല
ഒരു കൊള്ളിമീനും കാല്‍തെറ്റിപ്പതിച്ചില്ല

5 comments:

poor-me/പാവം-ഞാന്‍ said...

ഒരിക്കലെങ്കിലും പച്ച വെളിച്ചം തെളിയാതിരിക്കില്ല

നീലാംബരി said...

ജീവിതം ചുവന്നവെളിച്ചം കാണിക്കുമ്പോള്‍ മരണത്തിന്റെ.
പച്ചവെളിച്ചവും കണ്ടുതുടങ്ങും.
അനിവാര്യമായും കാണേണ്ട കാഴ്ചകള്‍.
വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കാവുന്ന
ഒരേ ഒരു വിരുന്നുകാരന്‍.
ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള ഏതോ പാളത്തിലൂടെ ഓടുന്ന
കറുപ്പിലേക്ക് കുതിക്കുന്ന കറുത്ത വണ്ടി.
എത്രപറഞ്ഞാലും തീരാത്ത, എത്രവട്ടം പറഞ്ഞാലും മടുപ്പുതോന്നാത്ത, പേടിപ്പിക്കുന്ന സൌന്ദര്യം.

നല്ല കവിത. അനുയോജ്യമായ ബിംബങ്ങള്‍.
എങ്കിലും 'വിണ്ടലം' കവിതയില്‍ മുഴച്ചുനില്‍ക്കുന്ന വാക്ക്.

Raman said...

kollaam.

സുജ സൂസന്‍ ജോര്‍ജ് said...

'സുജാത' സന്ദര്‍ശിച്ചതിന്‍ നന്ദി. കൂടുതല്‍ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

തേജസ്വിനി said...

niilaambari paranhathinu thaazhe kayyoppidunnu....

nannaayi tto...